അതിരപ്പിള്ളി-മലക്കപ്പാറ പാതയിൽ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം


 തൃശൂർ: വനപാതയായ അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൽ ആംബുലൻസിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മൃതദേഹം വാൽപ്പാറയിലെത്തിച്ച ശേഷം തിരികെ മടങ്ങുകയായിരുന്ന ആംബുലൻസിന് നേരെയാണ് ഞായറാഴ്ച രാത്രി ആനക്കയത്തുവെച്ച് അപ്രതീക്ഷിത ആക്രമണമുണ്ടായത്. ആംബുലൻസിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള രണ്ടുപേർ തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കാലടി ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.മൃതദേഹം വാൽപ്പാറയിൽ എത്തിച്ച് തിരിച്ചുവരുന്നതിനിടെ ആനക്കയം ഭാഗത്ത് എത്തിയപ്പോഴാണ് റോഡരികിൽ കാട്ടാനക്കൂട്ടം നിൽക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അപകടം ഒഴിവാക്കാനായി ഡ്രൈവർ ആംബുലൻസ് സുരക്ഷിതമായ അകലത്തിൽ നിർത്തിയിട്ടു. എന്നാൽ, ആനക്കൂട്ടത്തിൽ നിന്നെത്തിയ ഒരു പിടിയാന പെട്ടെന്ന് പ്രകോപിതയായി ആംബുലൻസിന് നേരെ പാഞ്ഞടുക്കുകയും വാഹനം തള്ളിമറിച്ചിടാൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ ആംബുലൻസിന്റെ മുൻവശത്തെ ചില്ലുകൾ പൂർണ്ണമായും തകർന്നു. ആനയുടെ ആക്രമണം ശക്തമായെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടലും ഭാഗ്യവും കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്.കഴിഞ്ഞ ദിവസവും ഇതേ പ്രദേശത്തുവെച്ച് കാട്ടാനക്കൂട്ടം കെഎസ്ആർടിസി ബസിന് നേരെ പാഞ്ഞടുത്തിരുന്നു. അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൽ രാത്രികാലങ്ങളിൽ വന്യമൃഗശല്യം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇതുവഴിയുള്ള യാത്രക്കാർക്ക് വനംവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡിൽ കാട്ടാനകളുടെ സാന്നിധ്യമുള്ളപ്പോൾ വാഹനങ്ങൾ അടുത്തേക്ക് കൊണ്ടുപോകരുതെന്നും ഹോൺ അടിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി

Post a Comment

Previous Post Next Post