കുന്നംകുളം പ്രാദേശിക സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി കുന്നംകുളം നഗരസഭ, കില (KILA), ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയുടെ സംയുക്ത മുഖേന സംഘടിപ്പിച്ച അർദ്ധദിന 'സംരംഭക ബോധവൽക്കരണ സംഗമവും പ്രദർശനവും' കുന്നംകുളം മുൻസിപ്പാലിറ്റി ടൗൺഹാളിൽ നടന്നു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ അനിലൻ നിർവഹിച്ചു.
'കുന്നംകുളം-സംരംഭക നഗരം' എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ സംഗമത്തിൽ നിലവിലെ ചെറുകിട-ഇടത്തരം സംരംഭകർ, യുവ സംരംഭകർ, വനിതകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ താല്പര്യമുള്ളവർ എന്നിവരുൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു. തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ (DIC) ഉദ്യോഗസ്ഥർ നയിച്ച വിവരദായകമായ സെഷനുകളും പരിപാടിയുടെ ഭാഗമായി നടന്നു.
സംരംഭകർ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും (Exhibition) ചടങ്ങിന് മാറ്റുകൂട്ടി. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മിഷ സെബാസ്റ്റ്യന്‍, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ടി സോമശേഖരന്‍,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആർഷ ജിജു, കക്ഷിനേതാവായ ശ്രീജിത്ത് ആവേന്‍, കൌണ്‍സിലര്‍മാര്‍, സസ്റ്റൈനബിള്‍ ബാങ്കിങ് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഹെഡ് സന്ധ്യ സുരേഷ്, നാഷണല്‍ ക്രഡിറ്റ് ഹെഡ് എം.എസ്.എം.ഇ കെ.ദിലീപ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ ടി മനോജ്, നഗരസഭ സെക്രട്ടറി കെ.കെ മനോജ് എന്നിവര്‍ പങ്കെടുത്തു.


