ലഹരിക്കെതിരെ സന്ദേശവുമായി ചങ്ങരംകുളത്ത് യുവജന ദിനാഘോഷം


 ചങ്ങരംകുളം:അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ കാൽനടയാത്രയും യൂത്ത് എമ്പവർമെന്റിന്റെ ജില്ലാതല ഉദ്ഘാടനവും നടന്നു. 


ടൗൺ ടാക്സി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച കാൽനടയാത്ര ചങ്ങരംകുളം എസ്.ഐ. ശ്രീലേഷ് ഫ്ലാഗ് ഓഫ് ചെയ്തു. നൂറോളം ലയൺസ് വളണ്ടിയർമാരും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.


പന്താവൂർ പാലം വരെ നടത്തിയ കാൽനടയാത്രയ്ക്കുശേഷം നടന്ന യൂത്ത് എമ്പവർമെന്റ് ജില്ലാതല ഉദ്ഘാടനം പൊന്നാനി മണ്ഡലം എം.എൽ.എ. കെ.പി. നൗഷാദ് അലി നിർവഹിച്ചു. ലഹരിക്കെതിരായ പ്രവർത്തനങ്ങളിലും സാമൂഹിക സേവന രംഗത്തും ചങ്ങരംകുളം ലയൺസ് ക്ലബ് നടത്തുന്ന ഇടപെടലുകളെ എം.എൽ.എ. അഭിനന്ദിച്ചു. അതിജീവിതർക്കായുള്ള കുറ്റിപ്പുറത്തെ സാമൂഹിക സ്ഥാപനത്തിന് ആവശ്യമായ സഹായവും ചടങ്ങിൽ കൈമാറി.


ലയൺസ് ഡിസ്ട്രിക്ട് 318-D1 ഗവർണർ പി.എം.ജെ.എഫ്. ലയൺ ബാബു ദിവാകരൻ മുഖ്യാതിഥിയായി. 


ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ സാമൂഹിക പ്രവർത്തനങ്ങളെ അദ്ദേഹം അനുമോദിക്കുകയും വിവിധ ക്ലബ്ബുകൾക്ക് കായിക ഉപകരണങ്ങൾ കൈമാറുകയും ചെയ്തു. യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും സംബന്ധിച്ച് മലപ്പുറം യൂത്ത് കോർഡിനേറ്റർ ദിലീപ് ചങ്ങരംകുളം ക്ലാസെടുത്തു. സൈബർ സുരക്ഷ, ദൃശ്യ മാധ്യമങ്ങളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളിൽ ലയൺസ് അക്കാദമിക് ഡയറക്ടർ യഹിയയും ലെസ്സൺ ലെൻസും ബോധവൽക്കരണ ക്ലാസുകൾ നടത്തി.


അർഹരായവർക്ക് ഗൃഹോപകരണങ്ങളും മറ്റ് സഹായങ്ങളും വിതരണം ചെയ്തു. ലയൺസ് ഇന്റർനാഷണലിന്റെ MJF അംഗത്വത്തിനായുള്ള ചെക്ക് ലയൺ മെമ്പർ രാജീവ് എ.വിയിൽ നിന്ന് ഡിസ്ട്രിക്ട് ഗവർണർ ബാബു ദിവാകരൻ ഏറ്റുവാങ്ങി.



യുവജന ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ പള്ളിക്കര കൈരളി ക്ലബ് ജേതാക്കളായി.



പരിപാടിക്ക് ചങ്ങരംകുളം ലയൺസ് ക്ലബ് പ്രസിഡന്റ് സി. ചന്ദ്രാനന്ദൻ സ്വാഗതവും ദിലീപ് ചങ്ങരംകുളം അധ്യക്ഷതയും സെക്രട്ടറി ലയൺ ജനാർദ്ദനൻ പട്ടേരി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post