എ.ഐ. ക്യാമറകൾ കണ്ടെത്തിയ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക 1000 കോടി കവിഞ്ഞു. ഇതിൽ പിരിച്ചെടുത്തത് 365 കോടി രൂപ മാത്രം. 635 കോടി രൂപയാണ് കുടിശ്ശിക. പിഴ ചുമത്തുന്നതിൽ വലിയ വർധനയുണ്ടായിട്ടും തുക പിരിച്ചെടുക്കാൻ മോട്ടോർവാഹന വകുപ്പിന് കഴിഞ്ഞിട്ടില്ല.
മൂന്നുവർഷത്തിനിടെ ഒന്നരക്കോടിയോളം നിയമലംഘനങ്ങൾക്ക് ചെലാൻ നൽകി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 78 കോടി രൂപയുടെ പിഴ ചുമത്തി.
ക്യാമറകളിൽ പതിഞ്ഞ നിയമ ലംഘനങ്ങളിൽ സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ഇല്ലാത്തതും വാഹനം ഓടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗവുമാണ് പ്രധാനം.
പിഴ പിരിച്ചെടുക്കാൻ വിവിധ ഇളവുകളും നടപടികളും സ്വീകരിച്ചെങ്കിലും കുടിശ്ശികയിൽ വലിയ കുറവുണ്ടായില്ല. സേഫ് കേരള പദ്ധതിയുടെ ഭാഗമായി 675 എ.ഐ. ക്യാമറകൾ സ്ഥാപിച്ച് 2023 ജൂണിലാണ് നിരീക്ഷണം ആരംഭിച്ചത്. 220 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.


