അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലിയോണൽ മെസ്സിയുടെ അവസാനമത്സരം ഒക്ടോബർ ആറിന്. ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ ടീം ബെനിനെതിരെയായിരിക്കും മെസ്സി അവസാനമായി നീലക്കുപ്പായമണിയുക. ഇതിഹാസ നായകന് വീരോചിത യാത്രയയപ്പ് നൽകാനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം.
കാൽപന്തുകളിയുടെ കലണ്ടറിൽ ഒക്ടോബർ ആറിന് വെള്ളയും നീലയും നിറമായിരിക്കും. ഫുട്ബോൾ ലോകത്തിന്റെ കണ്ണും മനസുമെല്ലാം അർജന്റൈൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ എസ്റ്റാഡിയോ മോണ്യുമെന്റലിലേക്ക് ചുരുങ്ങും. ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരൻ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കളി മതിയാക്കി ദേശീയ ടീമിനോട് വിടപറയുമ്പോൾ വെറും കയ്യോടെ മടക്കാനാവില്ല. അർഹിച്ച യാത്രയയപ്പ് വാങ്ങുക ലിയോ എന്ന ഫെഡറേഷന്റെ അപേക്ഷ താരം ഉൾക്കൊണ്ടു. സൗഹൃദ മത്സരത്തിൽ ബെനിനെതിരെ കളിച്ച് ആരാധകരോടും ഫുട്ബോൾ ലോകകത്തോടും ഗുഡ് ബൈ പറയും.


