അധ്യാപനം തപസ്യ തലമുറകളെ വാർത്തെടുക്കുന്നത് അധ്യാപകർ വി. എസ്. ജോയ് എം.എൽ.എ


 എടപ്പാൾ: അധ്യാപനം കേവലം ഒരു തൊഴിൽമാത്രമല്ലെന്നും തലമുറകളെ അറിവിന്റെയും മൂല്യങ്ങളുടെയും വെളിച്ചത്തിലേക്ക് നയിക്കുന്ന തപസ്യയാണെന്നും അഡ്വ. വി. എസ്. ജോയ് എം.എൽ.എ. പറഞ്ഞു. ചേകന്നൂർ എ.ജെ.ബി. സ്കൂളിൽ നടന്ന അധ്യാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഒരു കുട്ടിയുടെ ജീവിതത്തിന് ശരിയായ ദിശാബോധം നൽകാനും അവന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് വളർത്തിയെടുക്കാനും അധ്യാപകർക്ക് കഴിയുമെന്ന് എം.എൽ.എ. പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികവ് തെളിയിക്കുന്ന ഡോക്ടർമാരും എൻജിനീയർമാരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവരെ വാർത്തെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് നിർണായകമാണ്. അതുകൊണ്ടുതന്നെ എല്ലാ തൊഴിലുകളിലും മഹത്തരമായ സ്ഥാനമാണ് അധ്യാപനത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ചടങ്ങിൽ വിദ്യാലയത്തിലെ പൂർവ അധ്യാപകരായ ഇബ്രാഹിം മൂതൂർ, ടി.പി. അനിൽ, പത്മിനി പി.കെ. എന്നിവരെ ആദരിച്ചു. സ്കൂൾ ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കിടിക്കൽ അധ്യക്ഷത വഹിച്ചു.


ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ടീച്ചർ, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ എന്നിവർ മുഖ്യാതിഥികളായി. ഗ്രാമപഞ്ചായത്ത് അംഗം ജാഫർ, സുനിൽ കുറ്റിപ്പാല, പ്രധാനാധ്യാപിക സി.പി. സതി, പി.ടി.എ. പ്രസിഡന്റ് സുഹറ മൂതൂർ, പ്രേമകുമാരി എ.പി., ആകാശ് കെ., ആലിയത്ത് എം.വി., ജ്യോതി കൃഷ്ണ എന്നിവർ സംസാരിച്ചു.


ഷറഫിയ, സീമ പി., മുഹ്സിന, അഹന്യ, റഹീന, ലുബ്ന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post