കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിൽ പച്ചക്കറി വിളവെടുപ്പ്


 കൃഷിയിലൂടെ അറിവും അധ്വാനത്തിലൂടെ ആത്മവിശ്വാസവും നേടി കനിവ് ബഡ്‌സ് സ്കൂളിലെ കുട്ടികൾ. കുട്ടികളും അധ്യാപകരും ചേർന്ന് പരിപാലിച്ച പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ നിർവഹിച്ചു.

തക്കാളി, വെണ്ട, വഴുതന, പയർ, ചേന, കുമ്പളം, മത്തൻ തുടങ്ങിയ പച്ചക്കറികൾക്കൊപ്പം ഔഷധസസ്യങ്ങൾ, വാഴ, കപ്പ, പൈനാപ്പിൾ, ഡ്രാഗൺ ഫ്രൂട്ട്, അസോള എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ജൈവവളങ്ങളും കൃഷിഭവന്റെ സഹകരണത്തോടെ തയ്യാറാക്കുന്നു.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തൊഴിൽപരിചയവും ജീവിതനൈപുണികളും സ്വയംപര്യാപ്തതയും നേടുകയെന്ന ലക്ഷ്യത്തോടെയാണ് കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നത്. വിത്തിടൽ മുതൽ വിളവെടുപ്പ് വരെയുള്ള ഘട്ടങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. ലഭിക്കുന്ന പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നതിനൊപ്പം അധിക ഉൽപന്നങ്ങൾ വിപണനം ചെയ്യാനും പദ്ധതിയുണ്ട്.

സ്കൂളിനോട് ചേർന്ന സ്ഥലത്ത് കൂടുതൽ വിപുലമായി കൃഷി വ്യാപിപ്പിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് ജനപ്രതിനിധികൾ, അധ്യാപകർ, ജീവനക്കാർ, കുട്ടികൾ എന്നിവർ ചേർന്നായിരിക്കും കാർഷികോദ്യാനം ഒരുക്കുക.

വിളവെടുപ്പ് ചടങ്ങിൽ വൈസ് പ്രസിഡന്റ് എം. എ. നജീബ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കഴുങ്ങിൽ മജീദ്, സുഭിത, വാർഡ് മെമ്പർ പ്രവിജ, പഞ്ചായത്ത് സെക്രട്ടറി രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ്, മെമ്പർമാരായ കുട്ടൻ, അഹമ്മദ് മൂദൂർ, പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ബഡ്‌സ് സ്കൂൾ എച്ച്.എം. ഗിരിജ, റജീന, അധ്യാപകർ, ജീവനക്കാർ, കുട്ടികൾ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post