പട്ടാമ്പി:ആഘോഷങ്ങൾക്കപ്പുറം കരുതലിന്റെയും സേവനത്തിന്റെയും സന്ദേശവുമായി എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ എൻ.എസ്.എസ് ദിനാചരണം. പതാക ഉയർത്തിയതിനു പിന്നാലെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് സ്നേഹവും സഹായവുമായി വളണ്ടിയർമാർ ഇറങ്ങിയത് ദിനാചരണത്തെ ശ്രദ്ധേയമാക്കി.
കോളേജ് കാമ്പസിൽ പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. പട്ടാമ്പി റെയിൽവേ സ്റ്റേഷനിലും നഗരപരിസരത്തുമുള്ള അഗതികൾക്ക് പൊതിച്ചോർ വിതരണം ചെയ്തു. കൊപ്പം ‘അഭയം’ വൃദ്ധസദനം സന്ദർശിച്ച വളണ്ടിയർമാർ അന്തേവാസികൾക്കായി കലാപരിപാടികൾ അവതരിപ്പിക്കുകയും ഒരു ദിവസത്തെ ഭക്ഷണം സ്പോൺസർ ചെയ്യുകയും ചെയ്തു.
ലഹരിക്കെതിരായ സന്ദേശമുയർത്തി കൊപ്പം ടൗണിൽ ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല ഉദ്ഘാടനം ചെയ്തു. സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വളണ്ടിയർമാർ സ്വരൂപിച്ച 10,000 രൂപ മാറാരോഗികളെയും അശരണരെയും സംരക്ഷിക്കുന്ന പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറി.
കോളേജ് അഡ്മിനിസ്ട്രേറ്റർ എസ്.എ. കരീം തങ്ങൾ, വൈസ് പ്രിൻസിപ്പൽ വി.പി. ഗീത, കോ-ഓർഡിനേറ്റർമാരായ ടി. ദിലീപ്, ജസ്ന, ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഫാത്തിമ ഹസനത്ത്, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർമാരായ മുഹമ്മദ് ജസീൽ, അനന്യ എന്നിവർ നേതൃത്വം നൽകി.


