കൂറ്റനാട് ടൗൺ നവീകരണം ഉടൻ നടപ്പാക്കണം;സി.പി.ഐ.എം ജനകീയ കൺവെൻഷൻ ചേർന്നു


 കൂറ്റനാട്: കൂറ്റനാട് സെന്റർ നവീകരണം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം തൃത്താല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് സംഗമം ഓഡിറ്റോറിയത്തിൽ ജനകീയ കൺവെൻഷൻ ചേർന്നു. വികസന പദ്ധതിക്ക് തടസ്സമായ നടപടികൾ നീക്കി നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.


എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന എം.ബി. രാജേഷിന്റെ മുൻകൈയിൽ ആരംഭിച്ച കൂറ്റനാട് ടൗൺ നവീകരണ പദ്ധതിക്ക് കിഫ്ബിയിൽ ഉൾപ്പെടുത്തി 13.08 കോടി രൂപയുടെ വിശദ പദ്ധതി റിപ്പോർട്ടിന് 2024 മേയിൽ ആദ്യഘട്ട അനുമതി ലഭിച്ചിരുന്നു. തുടർന്ന് സർവേ, അതിരടയാള കല്ലുകൾ സ്ഥാപിക്കൽ, സാമൂഹിക ആഘാത പഠനം, പരിസ്ഥിതി ആഘാത പഠനം എന്നിവ പൂർത്തിയാക്കി.


ടൗൺ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനായി 1.28 കോടി രൂപ അനുവദിക്കുകയും പിന്നീട് പദ്ധതി 26.8 കോടി രൂപയുടെ പദ്ധതിയായി ഉയർത്തുകയും ചെയ്തു. വിജ്ഞാപന നടപടികൾക്കിടെ ചില കെട്ടിട ഉടമകൾ കോടതിയെ സമീപിച്ച് സ്റ്റേ നേടിയതോടെ പദ്ധതി തടസ്സപ്പെട്ടതായി സി.പി.ഐ.എം ആരോപിച്ചു.


കൂറ്റനാട് സെന്ററിലൂടെ കടന്നുപോകുന്ന നാല് റോഡുകളിലും 350 മീറ്റർ നീളത്തിൽ ശരാശരി 12 മീറ്റർ വീതിയിൽ ടൗൺ വികസിപ്പിച്ച് സിഗ്നലുകളും ഡിവൈഡറുകളും സ്ഥാപിച്ച് ഗതാഗതം സുഗമമാക്കുകയും നഗരസൗന്ദര്യം ഉറപ്പാക്കുകയും ചെയ്യുന്നതാണ് പദ്ധതി.


നിലവിൽ എട്ട് മുതൽ പത്ത് മീറ്റർ വരെയാണ് കൂറ്റനാട് സെന്ററിലെ റോഡുകളുടെ വീതി. വർഷങ്ങളായി നടന്ന കയ്യേറ്റങ്ങളാണ് ടൗണിന്റെ വിസ്തൃതിയും റോഡുകളുടെ വീതിയും കുറഞ്ഞതിന് കാരണമെന്ന് സി.പി.ഐ.എം പറഞ്ഞു. കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് നിർദിഷ്ട നവീകരണ പദ്ധതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.


പദ്ധതിക്ക് പകരം ഫ്ലൈഓവർ പരിഗണിക്കുന്ന നീക്കം പ്രായോഗികമല്ലെന്നും സി.പി.ഐ.എം ആരോപിച്ചു. തുടർ സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായാണ് ജനകീയ കൺവെൻഷൻ ചേർന്നത്.


സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം വി.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 


ഏരിയ സെക്രട്ടറി ടി.പി. മുഹമ്മദ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം എ.കെ. പ്രദീപ്, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി എന്നിവർ സംസാരിച്ചു. 


251 അംഗ ആക്ഷൻ കമ്മിറ്റിയും 75 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. പി.ആർ. കുഞ്ഞുണ്ണി ( ചെയർമാൻ ) ടി.പി. മുഹമ്മദ് (കൺവീനർ )

Post a Comment

Previous Post Next Post