എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടികൂടി


 കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത് നടത്താൻ ശ്രമം. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടി.


റാസൽ ഖൈമയിൽ നിന്ന് കരിപ്പൂരിലെത്തിയ പൊന്നാനി സ്വദേശിയും എട്ട് മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെയുള്ള സംഘത്തിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. പിതാവും മൂന്ന് മക്കളുമാണ് വിമാനത്താവളത്തിൽ ഇറങ്ങിയത്.


രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ ഡി.ആർ.ഐ സംഘമാണ് പരിശോധന നടത്തിയത്. കുഞ്ഞിന്റെഡയപ്പറിൽ ഒളിപ്പിച്ച നിലയിലും കുഞ്ഞിന്റെ പിതാവിന്റെ ദേഹത്ത് മിശ്രിത രൂപത്തിലുമാണ് സ്വർണം കണ്ടെത്തിയത്.


സ്വർണം കടത്താൻ ശ്രമിച്ചതിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും, സ്വർണം എവിടേക്കാണ് എത്തിക്കേണ്ടിയിരുന്നതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.


അതേസമയം, ഓഗസ്റ്റ് മാസത്തിൽ മാത്രം കേരളത്തിലെ വിമാനത്താവളങ്ങളിൽ വൻ സ്വർണവേട്ടയാണ് നടന്നത്. ഓഗസ്റ്റ് ആദ്യവാരത്തിൽ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി കസ്റ്റംസ് വകുപ്പ് 11 കോടിയിലധികം രൂപ വിലമതിക്കുന്ന എട്ട് കിലോഗ്രാംസ്വർണം പിടികൂടിയിരുന്നു.


14 വ്യത്യസ്ത കേസുകളിലായി ആറ് മലയാളികൾ ഉൾപ്പെടെ ഒമ്പത് പേരെയും ഈ കേസുകളിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.


കരിപ്പൂരിൽ കുഞ്ഞിനെ ഉപയോഗിച്ചുള്ള സ്വർണക്കടത്ത് ശ്രമം കൂടി പുറത്തുവന്നതോടെ, വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള അനധികൃത സ്വർണക്കടത്തിനെതിരെ പരിശോധന കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് അന്വേഷണ ഏജൻസികൾ.

Post a Comment

Previous Post Next Post