ചൂണ്ടൽ പഞ്ചായത്തിൽ ഹരിത കർമ്മസേനയുടെ മാലിന്യ ശേഖരണ കേന്ദ്രത്തിൽ മോഷണം. കഴിഞ്ഞ ദിവസമാണ് മണലിയിലുള്ള മാലിന്യ ശേഖരണകേന്ദ്രത്തിൽ മോഷണം നടന്നത്. ഹരിതകർമസേനാംഗങ്ങൾ ചായ തയ്യാറാക്കുന്നതിനായി, പരിവെടുത്ത് വാങ്ങിയ ഇന്റൻഷൻ കുക്കറാണ് മോഷണം പോയിട്ടുള്ളത്. മാലിന്യ ശേഖരണകേന്ദ്രത്തിൻ്റെ പൂട്ട് താക്കോൽ ഉപയോഗിച്ച് തുറന്നാണ് മോഷ്ടാവ് അകത്തു കയറിയിട്ടുള്ളത്. സാധാരണ നിലയിൽ മാലിന്യ ശേഖരണ കേന്ദ്രം പൂട്ടി പോകുന്ന സമയത്ത് ഇതിന് സമീപത്ത് തന്നെ താക്കോൽ സൂക്ഷിക്കാറാണ് പതിവ്. ഇത് കൃത്യമായി അറിയുന്നവരാണ് മോഷണം നടത്തിയതിന് പിന്നിലെന്നാണ് കരുതുന്നത്. ഹരിതകർമ്മ സേനാംഗങ്ങൾ, അവധി ദിവസം കഴിഞ്ഞ് വന്നപ്പോഴാണ് ഇന്റൻഷൻ കുക്കർ മോഷണം പോയതായി മനസ്സിലാക്കിയത്. കൂടാതെ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന സ്റ്റീൽ പാത്രങ്ങൾ വാരിവലിച്ചിട്ട നിലയിലും, തൊഴിലാളികൾ ഉപയോഗിക്കുന്ന ശുചിമുറി വൃത്തിഹീനമാക്കിയ സ്ഥിതിയിലുമായിരുന്നുവെന്ന് പറയുന്നു.
ഹരിത കർമ്മസേന അംഗങ്ങളുടെ സംഘടനയുടെ ഏരിയാ ഭാരവാഹിയും ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായ പി.ടി. ജോസ്, സ്ഥലം സന്ദർശിച്ചു. ചൂണ്ടൽ പഞ്ചായത്ത് അധികൃതർ കുന്നംകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


