ചെറുവള്ളിക്കടവ് പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി എ.സി. മൊയ്തീൻ എം.എൽ.എ


 പെങ്ങാമുക്കിനെയും വടുതലയെയും ബന്ധിപ്പിക്കുന്ന പൊതുമരാമത്ത് റോഡിലെ ചെറുവള്ളിക്കടവ് പുതിയ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുന്നു. നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി എ.സി. മൊയ്തീൻ എം.എൽ.എ സ്ഥലം സന്ദർശിച്ചു.പാലം നിർമ്മാണത്തിന്റെ ഭാഗമായുള്ള 6 പൈലുകളുടെ നിർമ്മാണം ഇതിനകം വിജയകരമായി പൂർത്തിയായിട്ടുണ്ട്.


പാലത്തിന്റെ വടക്കുഭാഗത്തുള്ള അടുത്ത 6 പൈലുകളുടെ നിർമ്മാണ പ്രവൃത്തികൾക്കും തുടക്കമായി. കുന്നംകുളം നഗരസഭാ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ്, കൗൺസിലർ എൻ.എ. ഷനോഫ്, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സദാനന്ദൻ മാഷ്, അഖിൽ, പ്രമുഖ നേതാക്കളായ ടി.സി. ചെറിയാൻ, എൻ.കെ. ഹരിദാസൻ, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയർ സംഗീത, കരാർ കമ്പനി പ്രതിനിധി അഷറഫ് തുടങ്ങിയവരും എം.എൽ.എയ്ക്കൊപ്പം ഉണ്ടായിരുന്നു.2024-25 സംസ്ഥാന ബജറ്റിൽ എ.സി. മൊയ്തീൻ എം.എൽ.എയുടെ നിരന്തര ഇടപെടലിലൂടെ 12 കോടി രൂപ വകയിരുത്തുകയും, തുടർന്ന് 9.33 കോടി രൂപയുടെ ഭരണാനുമതിയോടെ കാസർഗോഡ് ആസ്ഥാനമായുള്ള 'സി.എച്ച്. കൺസ്ട്രക്ഷൻസ്' നിർമ്മാണം ഏറ്റെടുക്കുകയുമായിരുന്നു. 60 മീറ്റർ നീളത്തിലും 11.05 മീറ്റർ വീതിയിലുമാണ് അത്യാധുനിക രീതിയിൽ പ്രിസ്ട്രെസ്സ്ഡ് കോൺക്രീറ്റ് ഗർഡർ സ്ലാബ് ഡിസൈനിൽ പാലം നിർമ്മിക്കുന്നത്. ഇതിൽ 7.5 മീറ്റർ വീതിയിൽ കാരിയേജ് വേയും ഇരുവശങ്ങളിലും നടപ്പാതകളും ഉൾപ്പെടുന്നുണ്ട്. പാലം നിർമ്മാണം പുരോഗമിക്കുന്ന ഘട്ടത്തിലും യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ നിലവിലെ താൽക്കാലിക പാലത്തിലൂടെ അത്യാവശ്യ ചെറുവാഹനങ്ങൾ കടത്തിവിടുന്നുണ്ട്.പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കി എത്രയും വേഗം പുതിയ പാലം നാടിന് സമർപ്പിക്കുമെന്ന് എം.എൽ.എ വ്യക്തമാക്കി.

Post a Comment

Previous Post Next Post