പൊന്നാനി: ചമ്രവട്ടം സ്നേഹപാതയും പാർക്കും കൂടുതൽ വികസിപ്പിക്കുന്നതിനും കൂട്ടായി ബീച്ചിന് അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. പദ്ധതികളുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയിയുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം കലക്ടറേറ്റിൽ ചേർന്നു.
ചമ്രവട്ടം സ്നേഹപാത പാർക്കിലെ തകർന്ന പുഴയോരത്തെ ഓപ്പൺ സ്റ്റേജ്, വാച്ച് ടവർ, അലങ്കാര വിളക്കുകൾ, ഇന്റർലോക്ക് നടപ്പാതകൾ എന്നിവ നവീകരിക്കുന്നതിനുള്ള സാധ്യതകൾ യോഗം ചർച്ച ചെയ്തു. ഡി.പി.ആർ തയ്യാറാക്കിയ ശേഷം നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. ചിൽഡ്രൻസ് പാർക്കിന്റെയും ഫുഡ് കോർട്ടിന്റെയും ടെൻഡർ നടപടികൾ രണ്ടുമാസത്തിനകം പൂർത്തിയാക്കി നിർമാണം അടിയന്തരമായി പൂർത്തീകരിച്ച് പാർക്ക് തുറന്നുകൊടുക്കാനും തീരുമാനിച്ചു.
പാർക്കിലെ അനധികൃത നിർമാണങ്ങൾ കണ്ടെത്തി നടപടിയെടുക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പരിസര സൗന്ദര്യവൽക്കരണത്തിനും യോഗത്തിൽ ധാരണയായി.
കൂട്ടായി ബീച്ചിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള നടപടികളും ചർച്ച ചെയ്തു. ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റെയും ഡി.ടി.പി.സിയുടെയും പോലീസിന്റെയും മറ്റ് വകുപ്പുകളുടെയും നേതൃത്വത്തിൽ പൊതുജന ബോധവൽക്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കും.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. തവനൂർ മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ സാധ്യതകൾ തുറക്കുന്നതാണ് പദ്ധതികൾ.


