ഭരണാനുമതിയായി പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം


 പൊന്നാനി: അഗ്നിശമന വാഹനങ്ങളിൽ വെള്ളം നിറയ്ക്കാൻ ഉപയോഗിച്ചിരുന്ന, 52 വർഷം പഴക്കമുള്ള പൊന്നാനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ജലസംഭരണിക്ക് പകരം പുതിയത് നിർമിക്കാൻ സംസ്ഥാന സർക്കാർ 35 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. കെ. പി. നൗഷാദലി എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. ആഭ്യന്തര വകുപ്പിന്റെ ഒക്ടോബർ ആറിലെ ഉത്തരവിലാണ് തുക അനുവദിച്ചത്.


1974ൽ നിർമിച്ച ജലസംഭരണിയുടെ താങ്ങുകാലുകൾ ഉൾപ്പെടെ ദ്രവിച്ച് അപകടാവസ്ഥയിലായിട്ട് 15 വർഷത്തോളമായെന്നാണ് എംഎൽഎ ചൂണ്ടിക്കാട്ടുന്നത്. ടാങ്കും താങ്ങുകാലുകളും തകർന്നുതുടങ്ങിയതിനാൽ നിലവിൽ ജലസംഭരണി ഉപയോഗശൂന്യമാണ്. 


തീപിടിത്തം ഉൾപ്പെടെയുള്ള അത്യാഹിതങ്ങളിൽ രക്ഷാപ്രവർത്തനത്തിന് പുറപ്പെടുന്ന അഗ്നിശമന വാഹനങ്ങളിലേക്ക് വെള്ളം നിറയ്ക്കുന്നതിനുള്ള പ്രധാന സൗകര്യമാണ് ഈ ജലസംഭരണി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പൊന്നാനിയിൽ സുരക്ഷിതമായ പുതിയ ജലസംഭരണിയുടെ ആവശ്യകത സർക്കാരിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതാണ് വേഗത്തിൽ തുക അനുവദിക്കുന്നതിന് വഴിയൊരുക്കിയതെന്ന് കെ പി നൗഷാദലി പറഞ്ഞു.


ഏത് സമയത്തും തകർന്നുവീഴാവുന്ന നിലയിലുള്ള ജലസംഭരണി ഉയർത്തുന്ന അപകടസാധ്യത ചെറുതല്ലെന്നും പുതിയ ജലസംഭരണി പൊന്നാനിയുടെ പൊതുആവശ്യമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സാധ്യമാക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും എംഎൽഎ പറഞ്ഞു.


2026–27 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽനിന്നാണ് നിർമാണത്തിനുള്ള തുക ചെലവഴിക്കുക. പ്രവൃത്തി ഈ സാമ്പത്തിക വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സർക്കാർ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. നിർവഹണത്തിന്റെയും മേൽനോട്ടത്തിന്റെയും ചുമതല അഗ്നിരക്ഷാ സേനാ ഡയറക്ടർ ജനറലിനാണ്. നിർമാണപുരോഗതി ഓരോ ആഴ്ചയും വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post