ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വ സന്ദേശവുമായി റേഞ്ചർമാർ


 ചങ്ങരംകുളം: ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വത്തിന്റെ സന്ദേശവുമായി പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ്. ഫോർ ഗേൾസിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റ്സ്കൂളും പരിസരവും സ്റ്റേറ്റ് ഹൈവേ 69-ന്റെ സമീപപ്രദേശങ്ങളും ശുചീകരിച്ച് റേഞ്ചർമാർ മാതൃകയായി.


പ്രിൻസിപ്പൽ പി.വി. വില്ലിംഗ്ടൺ പരിപാടി ഉദ്ഘാടനം ചെയ്തു. റേഞ്ചർ ലീഡർ കെ. സുവിതയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. റേഞ്ചർമാരായ ഗ്രീഷ്മ ഉണ്ണികൃഷ്ണൻ, മിൻഹ ജലീൽ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണം, ക്ലാസ് മുറികൾ, റോഡിന്റെ ഇരുവശങ്ങൾ എന്നിവിടങ്ങളിൽനിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിച്ചു. ശേഖരിച്ച മാലിന്യങ്ങൾ ഹരിതകർമസേനയ്ക്ക് കൈമാറി.


ശുചീകരണ പ്രവർത്തനങ്ങൾക്കുശേഷം ഗാന്ധിജിയുടെ ജീവിതവും സ്വാതന്ത്ര്യസമരത്തിലെ പങ്കും ആശയങ്ങളും പരിചയപ്പെടുത്തുന്ന ഗാന്ധി ക്വിസ് മത്സരവും നടത്തി. അറിവിനൊപ്പം ശുചിത്വത്തിന്റെ ഉത്തരവാദിത്വവും പങ്കുവെച്ച ദിനാചരണം വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി.

Post a Comment

Previous Post Next Post