എടപ്പാൾ:പെരുമ്പറമ്പ് മൂകാംബിക ക്ഷേത്ര കമ്മിറ്റി ഈ വർഷത്തെ പുരസ്കാരം പ്രാദേശിക മാധ്യമപ്രവർത്തകൻ കണ്ണൻ പന്താവൂരിന് സമ്മാനിച്ചു. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി നവരാത്രി സംഗീതമണ്ഡപത്തിൽ നടന്ന ചടങ്ങിൽ പുരസ്കാരം കൈമാറി.
28 വർഷമായി എടപ്പാൾ കേന്ദ്രീകരിച്ച് പ്രാദേശിക പത്രപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൻ പന്താവൂർ നിലവിൽ മെട്രോ വാർത്ത ദിനപത്രത്തിന്റെ എടപ്പാൾ ലേഖകനാണ്. എടപ്പാൾ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ് മുൻ പ്രസിഡന്റായിരുന്ന അദ്ദേഹം ഇപ്പോൾ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.
പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കണ്ണൻ പന്താവൂർ നിലവിൽ സംഘടനയുടെ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റാണ്. അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ ജില്ലാ പ്രസിഡന്റാണ്.
ചങ്ങരംകുളം ശ്രീശാസ്താ സ്കൂൾ കമ്മിറ്റിയുടെ കൺവീനറായും പ്രവർത്തിച്ചിട്ടുള്ള കണ്ണൻ പന്താവൂർ ഇപ്പോൾ സ്കൂൾ കമ്മിറ്റി സെക്രട്ടറിയാണ്. മണ്ഡല-മകരവിളക്ക് കാലത്ത് കുറ്റിപ്പുറം മിനിപമ്പയിൽ അഖില ഭാരത അയ്യപ്പ സേവാ സംഘം നടത്തിവരുന്ന അന്നദാനത്തിന്റെ കോ-ഓർഡിനേറ്റർ കൂടിയാണ് അദ്ദേഹം.
തപസ്യ സംസ്ഥാന സെക്രട്ടറിയും ഫിലിം സെൻസർ ബോർഡ് അഡ്വൈസറി അംഗവുമായ മണി എടപ്പാൾ, ക്ഷേത്രം സെക്രട്ടറി വി.പി. വിദ്യാധരൻ, താന്ത്രികാചാര്യൻ നരിപ്പറമ്പ് വാസുദേവൻ നമ്പൂതിരി, കവി എടപ്പാൾ സി. സുബ്രഹ്മണ്യൻ, കെ.എസ്.ഇ.ബി. റിട്ട. എൻജിനീയർ മുരളി മോഹൻ, ക്ഷേത്രം മേൽശാന്തി ബാബു നാരായണൻ, മുൻ മേൽശാന്തി നാരായണൻ നമ്പൂതിരി, ആത്മീയാചാര്യൻ ദിവാകരൻ മാസ്റ്റർ, വാർഡ് മെമ്പർ, ക്ഷേത്രം ജോയിന്റ് സെക്രട്ടറി വി.പി. പ്രദീപ്, ബിനു ജയരാജ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


