അറിയാത്ത ഫോൺ നമ്പറുകളിൽ കോളുകൾ വന്നാൽ ഇത്തരം നമ്പറുകളുടെ വിവരങ്ങൾ അറിയാനായി ട്രൂകോളർ പോലുള്ള തേർഡ്-പാർട്ടി ആപ്പുകളെ ആശ്രയിക്കുന്നവരുമുണ്ട്. എങ്കിൽ ഇനി മുതൽ ഇത്തരം തേർഡ്-പാർട്ടി ആപ്പുകൾ ആവശ്യമില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മുൻകൈയെടുത്ത് നടപ്പിലാക്കുന്ന സിഎൻഎപി എന്ന സംവിധാനത്തിലൂടെ വിളിക്കുന്നവരുടെ വിവരങ്ങൾ അറിയാം. ഫോണിൽ വിളിക്കുന്ന ആളുടെ KYC രേഖകളിലെ (സിം കാർഡ് എടുക്കുമ്പോൾ നൽകിയ രേഖകൾ) പേരാണ് സ്ക്രീനിൽ തെളിയുക.
കോളർ നെയിം പ്രസന്റേഷൻ (CNAP) എന്ന പേരിൽ കേന്ദ്ര സർക്കാരിൻ്റെ ഈ സംവിധാനം ഇന്ത്യയിലെ എല്ലാ മുൻനിര നെറ്റ്വർക്കുകളിലും (വിഐ, എയർടെൽ, ജിയോ) ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ കേന്ദ്ര സർക്കാരിന്റെയും, ടെലികോം വകുപ്പിൻ്റെയും നിർദ്ദേശപ്രകാരം 2026 നവംബർ 1 മുതൽ ഔദ്യോഗികമായി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്


