ഉത്സവത്തിരക്കിനിടെ പഴഞ്ഞി വൺവേ ജംഗ്ഷനിൽ ശ്രദ്ധേയമായി ലഹരിവിരുദ്ധ ചുവർചിത്രവും സന്ദേശങ്ങളും. ലഹരിയുടെ മായാവലയത്തിൽ അകപ്പെട്ട് ഉഴലുന്ന സ്ത്രീയുടെ ദയനീയ മുഖം ആവിഷ്കരിച്ച വർണശബളമായ ചുവർചിത്രം പുതുതലമുറയ്ക്കുള്ള ശക്തമായ മുന്നറിയിപ്പായി മാറി.
ആയിരക്കണക്കിന് ആളുകൾ കടന്നുപോകുന്ന സ്ഥലത്ത് ഒരുക്കിയ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളും യുവജനങ്ങൾ ആരംഭിച്ചു.
മലയാളത്തിനും ഇംഗ്ലീഷിനും പുറമെ അതിഥിത്തൊഴിലാളികളെ ലക്ഷ്യമിട്ട് ഹിന്ദി, ബംഗാളി ഭാഷകളിലും ലഹരിവിരുദ്ധ സന്ദേശങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
ലഹരിക്കും ആത്മഹത്യയ്ക്കുമെതിരെ വലിയ ബോർഡുകളും പഴഞ്ഞിയിൽ സ്ഥാപിച്ചു.
തൂഫാൻ രണ്ടാംഘട്ടം സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പഴഞ്ഞി അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടിയെന്ന് സഭാ ശുശ്രൂഷകൻ ഡെന്നി പുലിക്കോട്ടിൽ പറഞ്ഞു.
പ്രശസ്ത ചുവർചിത്രകാരൻ സി.എൽ. സണ്ണിയാണ് എണ്ണച്ചായത്തിൽ ചിത്രം ഒരുക്കിയത്.
ചുവർചിത്രത്തിന്റെ ഔപചാരിക ഉദ്ഘാടനം കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കർ നിർവഹിച്ചു. പാസ്റ്റർ ഡെന്നി പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് മിനി ടീച്ചർ, സ്ഥിരംസമിതി അധ്യക്ഷന്മാരായ രാജൻ പൂവ്വാറ, കെ.എം. റസാഖ്, അംഗം സന്ധ്യ ഷിബു, സി.സി. ജോസ്, വില്യംസ് ഉതുപ്പൂരു എന്നിവർ സംസാരിച്ചു.
കെ.സി. ബിജു സ്വാഗതവും പ്രെയ്‌സ് സാംകുട്ടി നന്ദിയും പറഞ്ഞു.


