തവനൂർ–തിരുനാവായ പാലം:പ്രദേശവാസികളുടെ അഭിപ്രായങ്ങൾ തേടി സർവകക്ഷി യോഗം ചേർന്നു


 തവനൂർ : നിയോജക മണ്ഡലത്തിലെ തവനൂർ–തിരുനാവായ പാലം ഉൾപ്പെടെയുള്ള വിവിധ പൊതുമരാമത്ത് പ്രവൃത്തികളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ വിളിച്ചുചേർക്കുന്ന യോഗത്തിന് മുന്നോടിയായി തവനൂർ–തിരുനാവായ പാലവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രദേശവാസികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയുന്നതിനുമായി തവനൂർ എം.എൽ.എ അഡ്വ. വി.എസ് ജോയിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു.

        തവനൂർ കെ.എം.ജി.യു.പി സ്കൂളിൽ വെച്ച് ചേർന്ന യോഗത്തിൽ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു.

       പദ്ധതിയുടെ തുടർനടപടികൾ, നിലവിലുള്ള തടസ്സങ്ങൾ,പ്രദേശവാസികളുടെ ആശങ്കകൾ,നിർദേശങ്ങൾ എന്നിവ യോഗം വിലയിരുത്തി.

      പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന ഔദ്യോഗിക യോഗത്തിൽ പ്രദേശത്തിന്റെ പൊതുവികാരവും ജനങ്ങളുടെ ആവശ്യങ്ങളും കൃത്യമായി അവതരിപ്പിക്കുന്നതിനും പാലം യാഥാർഥ്യമാക്കുന്നതിനുള്ള തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനുമാണ് സർവകക്ഷി യോഗം ചേർന്നത്.

      ഏതു വിധേനയും പാലം യാഥാർത്ഥ്യമാക്കണമെന്ന അഭിപ്രായം ഐക്യകണ്ഠേന യോഗത്തിൽ ഉയർന്നു.

       സാങ്കേതിക തടസ്സങ്ങൾ നീക്കി പാലം യാഥാർത്ഥ്യമാക്കാനുള്ള ശ്രമം അതിവേഗം പൂർത്തിയാക്കുമെന്ന് എം.എൽ.എ യോഗത്തിൽ അറിയിച്ചു.

       യോഗത്തിൽ തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി അബൂബക്കർ സിദ്ദീഖ്,പഞ്ചായത്ത് മെമ്പാർമാരായ ശ്രീനിവാസൻ,റഫീഖത്ത്,ദിവ്യ വാസുദേവ്,ജിജിനി,ശിവദാസൻ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അക്ബറലി ശിഹാബ് തങ്ങൾ,സദാനന്ദൻ മാസ്റ്റർ,കെ.കെ അബ്ദുൽ ലത്തീഫ്,വേണു കെ.പി,ശ്രീനിവാസൻ കൂരട,റാഫി അയങ്കലം,സി.പി അബ്ദുള്ള,ഹരീന്ദ്രൻ,ചന്ദ്രൻ മദിരിശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post